Posts by date : June 2008

നീളം കൂടുന്ന ഈര്‍ക്കില്‍ – ഒന്നാം ഭാഗം

Posted by സുഖിമാന്‍ on June 9, 2008 with 3 Comments

കുറച്ചു നാളായി ഇങ്ങോട്ടു തിരിഞ്ഞു നോക്കീട്ടു. എന്താ ചെയ്യാ, ഈ എഴുത്തു എന്നു പറയുന്നതു എനിക്കു നന്നായി അങ്ങട് വഴങ്ങണില്ല. എന്നാലും അണ്ണാര്‍ക്കണ്ണനും തന്നാലായതു എന്ന തത്വം മാനിച്ചു ഞാനും എഴുതുകയാണു.

പണ്ടു പണ്ടു, ഒരു 18 വര്‍ഷം മുന്‍പുള്ള സംഭവമാണു. വിഷ്ണു അന്നു പുതിയ പെന്‍‌സില്‍ ബോക്സുമായിട്ടാ ക്ലാസ്സില്‍ വന്നതു. പുള്ളിക്കാരന്റെ അമ്മാവന്‍ ഗള്‍ഫില്‍ നിന്നു കൊണ്ടു വന്നതാണത്രെ. ഒരു ചെറിയ കീബോര്‍ഡൊക്കെയൂള്ള ഒന്നു. കളിപ്പാട്ടം കായ്ക്കുന്ന മരവും, ഐസ്ക്രീമിന്റെ സ്വിമ്മിങ് പൂളും, കുട്ടികള്‍ക്കുള്ള വിമാനവുമൊക്കെയുള്ളവര്‍ ക്ലാസ്സില്ലുണ്ടായിരുന്നെങ്കിലും വിഷ്ണുവാണു ആദ്യമായി എല്ലാരെയും ഞെട്ടിക്കുന്ന ഒരു സംഭവം ക്ലാസ്സില്‍ കൊണ്ടു വന്നതു. അതില്‍ നിന്നു ശരിക്കും ശബ്ദം കേള്‍ക്കാമായിരുന്നു. എണ്ണയില്‍ മുങ്ങിയ മുടിയുമായി വരുന്ന വിഷ്ണുവായിരുന്നു അന്നു താരം. ഇതു പോലെയൊന്നു കിട്ടാനിപ്പൊയെന്താ ചെയ്യാ?? മൊഷ്ട്ടിക്ക തന്നെ, ഞാനുറച്ചു.

ഉച്ചയൂണിനു ശേഷം ക്ലാ‍സ്സു തുടങ്ങിയതും വിഷ്ണു കരഞ്ഞു തുടങ്ങി – പുള്ളിക്കാരന്റെ പെന്‍സില്‍ പെട്ടി കാണാനില്ല!!! ഏയ്.. ഞാനല്ല… ഞാനതു മൊഷ്ട്ടിക്കുന്ന കാര്യം മറന്നേ പോയിരുന്നു. ഇതിപ്പൊ എന്തു കൂത്താ… ഞാന്‍ ചിന്തിച്ചപ്പോളേക്കും അങ്ങനെ അങ്ങ് സംഭവിക്കേ!!!! റ്റീച്ചര്‍ എത്ര ചോദിച്ചിട്ടും മൊഷ്ട്ടിച്ചയാള്‍ അനങ്ങിയില്ല.

വൈകാണ്ടു തന്നെ കാര്യം ഗുരുതരമായി. ഞാനന്നു “Bethlehem” സ്കൂളിലായിരുന്നു – അതൊരു കൊച്ചു ബെത്‌ലെഹേം തന്നെയായിരുന്നു. വളരെ മാത്രികാപരമായാണു അവിടെയെല്ലാം സംഭവിച്ചിരുന്നതു. ഇതും അങ്ങനെ തന്നെയാണു റ്റീച്ചര്‍ കൈകാര്യം ചെയ്തതു.

മീര റ്റീച്ചര്‍ 35 ഈര്‍ക്കില്‍ കഷ്ണവുമായിട്ടു വന്നു. എല്ലാര്‍ക്കും ഒരോന്നു വീതം തന്നിട്ടു പറഞ്ഞു “ഇതു ദൈവം തന്നതാണു, നിങ്ങള്ളിതു കയ്യില്‍ പിടിച്ചിട്ടു 2 മിനിട്ടു പ്രാര്‍ത്ഥിക്കുക. മോഷ്ട്ടിച്ചയാളുടെ കൊള്ളി മാത്രം 1 ഇഞ്ച് നീളം കൂടും.” ഒന്നാം ക്ലാസ്സിലെ കുട്ടികളെ പറ്റിക്കാല്‍ ഇതൊക്കെ ധാരാളം.

എല്ലാരും പ്രാര്‍ത്ഥന തുടങ്ങി. എനിക്കപ്പോള്‍ ഒരു ഉള്‍വിളി വന്നു. മോഷ്ട്ടിച്ചയാളുടെ കൊള്ളി 1 ഇഞ്ച് നീളം കൂടുമെങ്കില്‍, മോഷ്ട്ടിക്കാന്‍ ചിന്തിച്ചയാളുടെ കൊള്ളി 1/2 ഇഞ്ചെങ്കിലും നീളം കൂടില്ലെ??? ശൊ!! മീര റ്റീച്ചര്‍ അറിയുമെല്ലൊ എന്റെ മനസ്സിലിരിപ്പു. എന്തായാലും കൊള്ളി ചെറുതായൊന്നൊടിക്കാം…..

തുടരും…..

-സുഖിമാന്‍